തിരുവനന്തപുരം: പ്രതികൂല കാലാവസ്ഥയെയും മണ്ണിടിച്ചിൽ ഭീഷണിയെയും തുടർന്ന് താൽക്കാലികമായി അടച്ചിട്ടിരുന്ന പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടി എക്കോ ടൂറിസം നാളെ മുതൽ വീണ്ടും തുറന്നുപ്രവർത്തിക്കും.
ഈ പ്രദേശത്തെ കാലാവസ്ഥ മെച്ചപ്പെട്ട സാഹചര്യത്തിൽ, തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ (DFO) പ്രത്യേക നിർദ്ദേശപ്രകാരമാണ് നാളെ (15/06/2026, തിങ്കളാഴ്ച) മുതൽ സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കാൻ തീരുമാനിച്ചത്.
തുടർച്ചയായ മഴയും കനത്ത മൂടൽമഞ്ഞും കാരണം പൊന്മുടിയിലേക്കുള്ള ഘാട്ട് റോഡുകളിൽ മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്തായിരുന്നു നേരത്തെ വനംവകുപ്പ് പ്രവേശനത്തിന് കർശന നിരോധനം ഏർപ്പെടുത്തിയിരുന്നത്.
എന്നാൽ നിലവിൽ കാലാവസ്ഥ അനുകൂലമായതോടെ നിയന്ത്രണങ്ങൾ നീക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ മുതൽ സഞ്ചാരികൾക്ക് പൊന്മുടിയിലേക്ക് പ്രവേശനം അനുവദിക്കും.

