സ്ത്രീകളുടെ സുരക്ഷയും മാനസികാരോഗ്യവും ഉറപ്പാക്കാൻ പുതിയ വനിതാ നയം നടപ്പാക്കും: മന്ത്രി ബിന്ദു കൃഷ്ണ

IMG_20261017_173049_(1200_x_628_pixel)

തിരുവനന്തപുരം:സ്ത്രീകളുടെ സാമൂഹികവും തൊഴിൽപരവുമായ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം അവരുടെ മാനസികാരോഗ്യത്തിനും ക്ഷേമത്തിനും പ്രാധാന്യം നൽകിക്കൊണ്ട് സംസ്ഥാന സർക്കാർ പുതിയ വനിതാ നയം രൂപീകരിക്കുമെന്ന് തൊഴിൽ, വനിതാ-ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ.

സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ക്രോഡീകരിച്ച്, സ്ത്രീകളുടെ ആത്മാഭിമാനവും സുരക്ഷിതത്വവും ഉയർത്തിപ്പിടിക്കുന്ന സമഗ്രമായ വനിതാനയം അടുത്ത അന്താരാഷ്ട്ര വനിതാ ദിനത്തിൽ പ്രഖ്യാപിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

കേരള വനിതാ കമ്മീഷന്റെ നേതൃത്വത്തിൽ തൈക്കാട് ഗവ. റസ്റ്റ് ഹൗസിൽ സംഘടിപ്പിച്ച ‘പോഷ് ആക്ട് 2013 & സ്ത്രീകളുടെ മാനസികാരോഗ്യം’ എന്ന വിഷയത്തിൽ സംസ്ഥാനതല സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാന സർക്കാർ വനിതകളെ ചേർത്തുപിടിക്കുന്ന നയമാണ് സ്വീകരിച്ചിരിക്കുന്നതെന്നും തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് സുരക്ഷിതവും അന്തസുള്ളതുമായ അന്തരീക്ഷം ഒരുക്കേണ്ടത് സർക്കാരിന്റെയും സമൂഹത്തിന്റെയും കൂട്ടായ ഉത്തരവാദിത്തമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 2013ലെ ‘പോഷ്’ നിയമപ്രകാരം പത്തോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ ആഭ്യന്തര പരാതി പരിഹാര സെല്ലുകൾ നിർബന്ധമായും പ്രവർത്തിക്കണമെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. പല സ്ഥാപനങ്ങളിലും ഇവ പേരിനു മാത്രമാണ് പ്രവർത്തിക്കുന്നത്. പരാതി നൽകുന്ന സ്ത്രീകൾക്ക് തൊഴിൽ നഷ്ടപ്പെടുമോ എന്ന ഭയവും അപമാനിക്കപ്പെടുമോ എന്ന ആശങ്കയും ഇന്നും നിലനിൽക്കുന്നുണ്ടെന്നത് ഗൗരവകരമാണെന്നും മന്ത്രി പറഞ്ഞു.

 

തൊഴിലിടങ്ങളിലെ അതിക്രമങ്ങളും അപമാനങ്ങളും സ്ത്രീകളുടെ മാനസികാരോഗ്യത്തെയും വ്യക്തിജീവിതത്തെയും സാരമായി ബാധിക്കുന്നുണ്ട്. അതിനാൽ എല്ലാ സ്ഥാപനങ്ങളിലും പരാതി പരിഹാര സെല്ലുകൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വകുപ്പ് തലത്തിൽ ശക്തമായ നിരീക്ഷണവും കർശന പരിശോധനകളും നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

 

കേരള വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി അധ്യക്ഷത വഹിച്ച ചടങ്ങിൽ തൈക്കാട് വാർഡ് കൗൺസിലർ ജി.വേണുഗോപാൽ, കുന്നുകുഴി വാർഡ് കൗൺസിലർ മേരി പുഷ്പം, വനിതാ കമ്മീഷൻ അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രൻ, അഡ്വ. എലിസബത്ത് മാമൻ മത്തായി, വി. ആർ. മഹിളാമണി, അഡ്വ. പി. കുഞ്ഞായിഷ, മെമ്പർ സെക്രട്ടറി ബീന വൈ.ബി, വനിതാ കമ്മീഷൻ പി ആർ ഒ ദിവ്യ റ്റി എസ്, വിവിധ വകുപ്പുകളിൽ നിന്നുള്ള പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

തുടർന്ന് പോഷ് ആക്ട് 2013 സംബന്ധിച്ച് നിയമ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയും ഐ.എം.ജി. ഫാക്കൽറ്റിയുമായ ഷിജി വി., സ്ത്രീകളുടെ മാനസികാരോഗ്യം എന്ന വിഷയത്തിൽ കേരള ഹൈക്കോടതി അഡ്വക്കേറ്റും കൗൺസിലിംഗ് സൈക്കോളജിസ്റ്റുമായ ഡോ. പി.എം. ബിനു തോട്ടത്തിൽ എന്നിവർ ക്ലാസ്സെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!