തിരുവനന്തപുരം:ആർജിത നേട്ടങ്ങളെ അഭിമാനപൂർവം ഉയർത്തിപ്പിടിച്ച് മലയാളികൾ ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന് സാംസ്‌കാരിക, ടൂറിസം വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ്.
സംസ്ഥാന രൂപീകരണത്തിന്റെ ഏഴ് പതിറ്റാണ്ടുകൾ പൂർത്തിയാകുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ഫെസ്റ്റിവൽ ഓഫ് കേരളത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ദൈവത്തിന്റെ സ്വന്തം നാട് എന്ന ഖ്യാതി കേരളം നേടിയെടുത്തത് പ്രകൃതിഭംഗി കൊണ്ട് മാത്രമല്ല, സഹവർത്തിത്വവും എല്ലാ സമൂഹങ്ങളെയും ചേർത്ത് പിടിച്ച് കൊണ്ടുപോകാനുള്ള കഴിവും ഉള്ളത് കൊണ്ടാണെന്നും മന്ത്രി പറഞ്ഞു.
എഴുപത് വർഷത്തിൽ കേരളം ആന്തരികമായി ദൃഢമായെന്ന് ചടങ്ങിന് അധ്യക്ഷത വഹിച്ച ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ പറഞ്ഞു. വരുംതലമുറയ്ക്ക് പുതുയുഗം സമ്മാനിക്കാൻ വി ഡി സതീശൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു. എപ്പോഴൊക്കെ പ്രതിസന്ധി നേരിട്ടിട്ടുണ്ടോ അപ്പോഴെല്ലാം ഒരു സമൂഹം എന്ന നിലയ്ക്ക് ഒറ്റക്കെട്ടായി നിലകൊള്ളുകയും പരസ്പരം താങ്ങും തണലുമാവുകയും ചെയ്യുക എന്നത് മലയാളിയുടെ പ്രത്യേകതയാണെന്ന് വിശിഷ്ടാതിഥിയായ ടൊവിനോ തോമസ് പറഞ്ഞു.
സർക്കാർ ചട്ടങ്ങളിലും നിയമങ്ങളിലും നടപടിക്രമങ്ങളും മാറ്റം വരുത്താൻ പൊതുജനങ്ങൾക്ക് അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കാൻ കഴിയുന്ന ബിപിപിആർ പോർട്ടലിന്റെ ലോഞ്ച് ചടങ്ങിൽ മന്ത്രി പി സി വിഷ്ണുനാഥ് നിർവഹിച്ചു.
കേരളപ്പിറവിയോടനുബന്ധിച്ച് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പുറത്തിറക്കുന്ന സമകാലിക ജനപഥത്തിന്റെ പ്രത്യേക ഭാഷാ പതിപ്പിന്റെ പ്രകാശനം മന്ത്രി പി സി വിഷ്ണുനാഥ് നിർവഹിച്ചു.
വിവിധ സർക്കാർ വകുപ്പുകൾക്കുള്ള ഭരണഭാഷാ പുരസ്‌കാരങ്ങൾ മന്ത്രി സി പി ജോണും ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയും വിതരണം ചെയ്തു. മന്ത്രി പി സി വിഷ്ണുനാഥ് എല്ലാവർക്കും ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി അശോക് സ്വാഗതം ആശംസിച്ചു. സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസർ അരവിന്ദ് ബി എസ് കൃതജ്ഞത രേഖപ്പെടുത്തി.
ഉദ്ഘാടനചടങ്ങിന് ശേഷം മലയാളസംഗീതത്തിന്റെ ഏഴ് പതിറ്റാണ്ടുകളായുള്ള പരിണാമയാത്രയെ സംഗീതത്തിന്റെയും ദൃശ്യാവിഷ്‌കാരത്തിന്റെയും സമന്വയത്തിലൂടെ അവതരിപ്പിച്ച ‘ഗാനാഞ്ജലി : കേരളത്തിന്റെ ആത്മാവിനുള്ള സംഗീതാർച്ചന’ അരങ്ങേറി. ഉന്നത വിദ്യാഭ്യാസ വകുപ്പും അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം കേരളയും സംയുക്തമായാണ് ഗാനാഞ്ജലി സംഘടിപ്പിച്ചത്. തുടർന്ന് നർത്തകി സുമ വർമയുടെ നേതൃത്വത്തിൽ ശാസ്ത്രീയ നൃത്താവിഷ്‌കാരം അരങ്ങേറി.
കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം, കലാപാരമ്പര്യം, കായികനേട്ടങ്ങൾ, സാമൂഹിക പുരോഗതി എന്നിവ ആഘോഷിക്കുന്നതിനും കേരളീയതയുടെ സവിശേഷതകൾ പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിനുമായാണ് ഫെസ്റ്റിവൽ ഒരുക്കിയിട്ടുള്ളത്. ഒരു വർഷം നീളുന്ന ആഘോഷ പരിപാടികളുടെ ആദ്യഘട്ടമായി ചെന്നൈ, ബെംഗളൂരു, മുംബൈ, ന്യൂഡൽഹി, കൊൽക്കത്ത നഗരങ്ങളിൽ ‘ഫെസ്റ്റിവൽ ഓഫ് കേരളം’ സംഘടിപ്പിക്കുന്നുണ്ട്.

