തിരുവനന്തപുരം:കോളേജ് വിദ്യാർത്ഥിനികളെയും ഒപ്പം ചേർക്കാൻ കുടുംബശ്രീ. ‘കുടുംബശ്രീ @ ക്യാമ്പസ്’ എന്ന പദ്ധതിയുടെ ഭാഗമായി കോളേജ് വിദ്യാർത്ഥിനികളെ കുടുംബശ്രീ അംഗങ്ങളായി ചേർത്ത് രൂപീകരിക്കുന്ന ഗ്രൂപ്പിന് ആകർഷകമായ പേരും ലോഗോയും ക്ഷണിച്ചു.
സംസ്ഥാനത്തെ എല്ലാ കോളേജുകളിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. മത്സരത്തിൽ വിജയിക്കുന്നവർക്ക് ആകർഷകമായ സമ്മാനം ലഭിക്കും.
ക്രിയേറ്റീവ് ഫീൽഡ്, ടെക്‌നോളജി, സേവന മേഖല, ഉത്പാദന മേഖല എന്നിവയെ അടിസ്ഥാനമാക്കി പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനും നൈപുണ്യ പരിശീലനത്തിനും സ്വന്തം വരുമാന മാർഗങ്ങൾ കണ്ടെത്തുന്നതിനും സാമൂഹ്യ പങ്കാളിത്തത്തിനും അവരമൊരുക്കാനാണ് പദ്ധതി. ആശയരൂപീകരണം മുതൽ ധനസഹായവും വിപണനവും വരെ എല്ലാ ഘട്ടങ്ങളിലും കുടുംബശ്രീയുടെ പിന്തുണ വിദ്യാർത്ഥിനികൾക്ക് ഉണ്ടാകും.
പദ്ധതിക്ക് നിർദേശിക്കുന്ന പേര്, ലോഗോ എന്നിവയ്ക്ക് പ്രത്യേകമായാണ് സമ്മാനം നൽകുക. വിദ്യാർത്ഥിയാണെന്ന് തെളിയിക്കുന്നതിനായി പഠിക്കുന്ന സ്ഥാപനം/വകുപ്പ് മേലധികാരിയുടെ സാക്ഷ്യപത്രത്തിനൊപ്പം എൻട്രികൾ kudumbashreeprcontest@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കണം. എൻട്രികൾ ലഭിക്കേണ്ട അവസാന തീയതി നവംബർ 16

