തിരുവനന്തപുരം : ചാലയിലെ 250 പവന് സ്വര്‍ണക്കവര്‍ച്ചാ കേസില്‍ നിര്‍ണായക വഴിത്തിരിവ്.
സംഭവവുമായി ബന്ധപ്പെട്ട് മാളവിക ജ്വല്ലറി ഉടമ ജയറാമിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കവര്‍ച്ച ആസൂത്രണം ചെയ്തതില്‍ ജയറാമിനും പങ്കുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍.
നേരത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷമാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കവര്‍ച്ച നടക്കുന്നതിന് രണ്ട് ദിവസം മുന്‍പ് വൈഷ്ണവി ജ്വല്ലറി ഉടമയായ മഹാരാഷ്ട്ര സ്വദേശി നന്ദകുമാറിനെ ജയറാം ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നന്ദകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജയറാമിനെ ആദ്യം കസ്റ്റഡിയിലെടുത്തത്. കവര്‍ച്ചയുടെ ആസൂത്രണത്തില്‍ ജയറാമിനുള്ള കൃത്യമായ പങ്ക് വ്യക്തമാക്കുന്നതിനായി പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

