തിരുവനന്തപുരം: കാറിനുള്ളില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ വയോധികനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലാഞ്ചിറ കാരാളി റോഡ് കൊപ്രാപ്പുരയില്‍ ബ്രൈറ്റി(75)നെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച വൈകിട്ടാണ് സംഭവം.വീടിനുസമീപം ബെനഡിക്ട് നഗറില്‍ തലയ്ക്ക് പിന്നില്‍ പൊള്ളലേറ്റ നിലയില്‍ ബ്രൈറ്റിനെ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് മണ്ണന്തല പൊലീസില്‍ വിവരമറിയിച്ചു. പൊലീസെത്തി ബ്രൈറ്റിനെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു.
കാറിന്റെ പിന്‍സീറ്റില്‍ കന്നാസില്‍ സൂക്ഷിച്ച പെട്രോൾ കണ്ടെത്തി. ഇതോടെ ആത്മഹത്യാശ്രമമാണെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ബേണ്‍സ് ഐസിയുവില്‍ കഴിയുന്ന ബ്രൈറ്റിന്റെ ആരോഗ്യനില ഗുരുതരമാണ്


