വെള്ളനാട് : നാട്ടുകാരിലൊരാളുടെ വീട്ടിൽ കയറിയ മുള്ളൻപന്നിയെ തല്ലിക്കൊന്ന സംഭവത്തിൽ വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിക്കെതിരെ വനംവകുപ്പ് കേസെടുത്തു.
ഇന്നലെ രാവിലെ ഏഴരയോടെ വെള്ളനാട് വാളിയറയിലെ ആശ്രമത്തിനടുത്തുള്ള അരുൺകുമാറിന്റെ വീട്ടിനകത്താണു മുള്ളൻപന്നിയെ കണ്ടെത്തിയത്. വിവരം വാർഡ് അംഗം ഷൈലജയെ അറിയിച്ചു. അവർ പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിയെ അറിയിച്ചു. തൊട്ടുപിന്നാലെ വീട്ടുടമയും നാട്ടുകാരും വനംവകുപ്പിനെയും അറിയിച്ചു.
വനംവകുപ്പ് ഉദ്യോഗസ്ഥരെ കാത്തിരിക്കുന്നതിനിടെയാണ് സ്ഥലത്തെത്തിയ വെള്ളനാട് ശശി ഇരുമ്പുപൈപ്പ് ഉപയോഗിച്ച് മുള്ളൻപന്നിയെ അടിച്ചത്. മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചു. പിന്നാലെ, ശശിയെ തിരക്കി വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയെങ്കിലും കണ്ടെത്താനായില്ല. മുള്ളൻപന്നിയുടെ ജഡം വെള്ളനാട് മൃഗാശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.