തിരുവനന്തപുരം:ട്യൂഷൻ അദ്ധ്യാപകൻ പീഡിപ്പിച്ചത് പതിനൊന്ന് വർഷത്തിന് ശേഷം അതിജീവിത വെളിപ്പെടുത്തിയ കേസിൽ പ്രതിയായ മെഡിക്കൽ കോളേജ് സ്വദേശി സുബാഷ്‌കുമാർ (57) നെ പതിനെട്ട് വർഷം കഠിനതടവിനും 35000 രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചു.
പിഴ ഒടുക്കാത്ത പക്ഷം മൂന്നര വർഷം കൂടുതൽ ശിക്ഷ ആയി അനുഭവിക്കണം. അഞ്ചും ആറും ക്ലാസ്സിൽ പഠിക്കുമ്പോൾ നടന്ന പീഡനം എംബിബിഎസ് വിദ്യാർത്ഥിനിയായിരിക്കെയാണ് പുറത്ത് പറയുന്നത്.
2013 ൽ പെൺകുട്ടി അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ട്യൂഷൻ അദ്ധ്യാപകൻ ആയിരുന്ന പ്രതി കുട്ടിയുടെ സ്വകാര്യ ഭാഗത്ത് പിടിക്കുകയായിരുന്നു. ജനുവരി 2014 വരെ പ്രതി പലതവണകൾ ആയി ഇത് ആവർത്തിച്ചു. ഇതിനെ തുടർന്ന് കുട്ടി ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ ട്യൂഷൻ പഠനം നിർത്തി .
പ്രതി ഭീഷണിപ്പെടുത്തിയതിനാൽ കുട്ടി പുറത്ത് പറഞ്ഞില്ല.സംഭവത്തിൽ ഭയന്ന് കുട്ടിയുടെ മനോനില തെറ്റി . പ്ലസ്ടു പഠനം ഒരു വർഷം നഷ്ടപ്പെട്ടു .പ്ലസ്ടു കഴിഞ്ഞപ്പോൾ പീഡന സംഭവം ഓർത്ത കുട്ടിക്ക് അമിത ഭയവും ഒറ്റപ്പെട്ടു നിക്കുന്ന സ്വഭാവവും മാനസികാവിഭ്രാന്തിയും (പാനിക് ഡിസ്ഓർഡർ )കാണിച്ചു തുടങ്ങി. ഇത് കണ്ട വീട്ടുകാർ സൈക്കോളജിസ്റ് നെ കാണിച്ചു. കോവിഡ് സമയം ആയതിനാൽ ഓൺലൈൻ ആയാണ് ചികിത്സ നേടിയത്. ആ സമയം അമ്മ കൂടെ ഉള്ളതിനാൽ കുട്ടി പീഡന വിവരം പുറത്ത് പറഞ്ഞില്ല. മരുന്നുകൾകഴിച്ചതിനെ തുടർന്ന് അസുഖം ഭേദം ആയിരുന്നു.
കുട്ടിക്ക് എംബിബിഎസ് പഠനത്തിനായി അഡ്മിഷൻ കിട്ടി ഹോസ്റ്റലിൽ താമസം തുടങ്ങി. ഈ സമയം പ്രതിക്ക് സമാനമായി രൂപ സാദൃശ്യം ഉള്ള ഒരാളെ ഹോസ്റ്റലിൽ വച്ച് കണ്ടപ്പോൾ കുട്ടിക്ക് മനോവിഭ്രാന്തി ഉണ്ടായതിനെ തുടർന്ന് കുട്ടിയെ ഡോക്ടറെ കാണിച്ചപ്പോൾ ആണ് പീഡന വിവരം പറയുന്നത്. ഡോക്ടറാണ് 2024 ൽ പോലീസിൽ വിവരം അറിയിച്ചത്.
പ്രോസീക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസീക്യൂട്ടർ അഡ്വ .ആർ.എസ് വിജയ് മോഹൻ,അഡ്വ .സുരഭി.പി എന്നിവർ ഹാജരായി. സൈബർ സിറ്റി അസിസ്റ്റന്റ് കമ്മീഷണർ നിയാസ്. പി, മെഡിക്കൽ കോളേജ് സബ് ഇൻസ്‌പെക്ടർ വിഷ്ണു പി എൽ എന്നിവർ ആണ് കേസ് അന്വേഷിച്ചത്. പിഴ തുകയും ഡി എൽ എസ് എ കുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്നും വിധിയിൽ പറയുന്നു.
