തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാരിലെ മന്ത്രിമാരുടെ ഔദ്യോഗിക പട്ടിക നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചു.
കോൺഗ്രസിൽ നിന്ന് പതിനൊന്ന് മന്ത്രിമാരും ഘടകകക്ഷികളിൽ നിന്നുള്ള ഒമ്പത് മന്ത്രിമാരും അടങ്ങുന്നതാണ് പുതിയ നിര. ഏറെ നാളുകൾക്ക് ശേഷമാണ് കോൺഗ്രസ് മന്ത്രിസഭയിൽ രണ്ട് വനിതാ മന്ത്രിമാർ ഒരുമിച്ച് വരുന്നത് എന്ന സവിശേഷതയും ഈ പട്ടികയ്ക്കുണ്ട്.
മുതിർന്ന നേതാവ് തിരുനഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറാകും. ഷാനിമോൾ ഉസ്മാനാണ് പുതിയ ഡെപ്യൂട്ടി സ്പീക്കർ.
പ്രഖ്യാപിക്കപ്പെട്ട കോൺഗ്രസ് മന്ത്രിമാർ
രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, എപി അനിൽകുമാർ, പിസി വിഷ്ണുനാഥ്, റോജി എം.ജോൺ, ബിന്ദു കൃഷ്ണ, എം ലിജു, ടി. സിദ്ദിഖ്, കെഎ തുളസി, ഒജെ ജനീഷ് എന്നിവരാണ് കോൺഗ്രസിൽ നിന്ന് മന്ത്രിസഭയിലേക്ക് എത്തുന്നത്.
ഘടകകക്ഷികളിൽ നിന്ന് സി.പി. ജോൺ (CMP), മോൻസ് ജോസഫ് (കേരള കോൺഗ്രസ്), അനൂപ് ജേക്കബ് (കേരള കോൺഗ്രസ് – ജേക്കബ്), ഷിബു ബേബി ജോൺ (RSP) എന്നിവരും മന്ത്രിമാരാകും. മുസ്ലിം ലീഗിന്റെ മന്ത്രിമാരെ നേരത്തെ തന്നെ പാർട്ടി നേതൃത്വം പ്രഖ്യാപിച്ചിരുന്നു. ചീഫ് വിപ്പ് പദവി കേരള കോൺഗ്രസിനാണ് നൽകിയിട്ടുള്ളതെന്നും വ്യക്തിയെ ആ പാർട്ടി തന്നെ പ്രഖ്യാപിക്കുമെന്നും സതീശൻ വ്യക്തമാക്കി
.

