വർക്കല: വർക്കല മൈതാനം – ബീച്ച് റോഡിൽ പ്രവർത്തിക്കുന്ന കെ.എഫ്.സി ഔട്ട്‌ലെറ്റിൽ നിന്ന് പഴകിയ 192 കിലോ ചിക്കൻ നഗരസഭ ആരോഗ്യവിഭാഗം അധികൃതർ പിടിച്ചെടുത്തു.
ഉപഭോക്താവിൽ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് രണ്ട് കിലോ വീതം തൂക്കം വരുന്ന 96 പാക്കറ്റുകൾ പിടിച്ചെടുത്തത്. പരിശോധനയ്ക്കിടെ പാചകപ്പുരയ്ക്കുള്ളിൽ ശുചിത്വ മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ട നിലയിലായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
തീരെ വൃത്തിയില്ലാത്ത തറയിലാണ് ഇറച്ചി സൂക്ഷിച്ചിരുന്നത്.കഴിഞ്ഞദിവസം സ്ഥാപനം വിവിധ ഓഫറുകൾ പ്രഖ്യാപിച്ചിരുന്നെന്നും,ഇതിനായി വ്യാഴാഴ്ച എത്തിയ ചിക്കൻ ഫ്രീസ് ചെയ്യാതെ തറയിൽ സൂക്ഷിക്കുകയായിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. നഗരസഭ സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം പിടിച്ചെടുത്ത ചിക്കൻ നശിപ്പിച്ചതായും തുടർനടപടികൾ സ്വീകരിച്ചതായും ഹെൽത്ത് ഇൻസ്‌പെക്ടർ പ്രസന്നൻ പറഞ്ഞു.

