തിരുവനന്തപുരം:തലസ്ഥാനത്തെ ഓണാഘോഷങ്ങൾക്ക് ഗൃഹാതുരത്വം പകർന്ന് കനകക്കുന്നിലെ ഓല കരകൗശല പ്രദർശനം.
തിരുവനന്തപുരം സ്വദേശികളായ രഞ്ജിത്ത്, മനോജ്, അജയകുമാർ എന്നിവർ ചേർന്നാണ് പുതിയ തലമുറയ്ക്ക് തീർത്തും അപരിചിതമായ പഴമക്കാരുടെ ജീവിത രീതികളും ഉപകരണങ്ങളും പരിചയപ്പെടുത്തുന്ന ഈ വേറിട്ട സ്റ്റാൾ ഒരുക്കിയിരിക്കുന്നത്.
പണ്ടുകാലത്ത് കർഷകർ ഉപയോഗിച്ചിരുന്ന പാളത്തൊപ്പി, പരമ്പരാഗത ഫ്രിഡ്ജ് എന്ന് വിശേഷിപ്പിക്കാവുന്ന ഉറി, തിരുവ എന്നിവ ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്. കൂടാതെ ഓലകൊണ്ടുണ്ടാക്കിയ പന്ത്, ഹെലികോപ്റ്റർ, തത്ത, കാറ്റാടി, ഓലപ്പാമ്പ്, ഓല വാച്ച് തുടങ്ങിയ കളിപ്പാട്ടങ്ങൾ മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ ആകർഷിക്കും.

