തിരുവനന്തപുരം: പാങ്ങപ്പാറയില്‍ കാണാതായ 17-കാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു പെണ്‍കുട്ടിയടക്കം മൂന്നുപേർ പോലിസ് കസ്റ്റഡിയിൽ.
കാര്യവട്ടം പാങ്ങപ്പാറ സംഗീത നഗറിലുള്ള അഭിറാം എം.ഡി. എന്ന പ്ലസ്ടു വിദ്യാര്‍ഥിയുടെ മൃതദേഹമാണ് പോലിസ് കണ്ടെടുത്തത്.
ഞായറാഴ്ച വൈകുന്നേരം സുഹൃത്തിനെ കാണാനെന്ന് പറഞ്ഞ് വീട്ടില്‍നിന്ന് ഇറങ്ങിയ അഭിറാം രാത്രി ഏറെ വൈകിയിട്ടും വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല. കുട്ടിയുടെ ഫോണ്‍ സ്വിച്ച് ഓഫായതോടെയാണ് വീട്ടുകാര്‍ സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. പിന്നാലെ പോലിസ് തിരോധാനത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
അഭിറാമിന്റെ സുഹൃത്തുക്കളില്‍നിന്നും വിവരങ്ങളൊന്നും ലഭിക്കാതെ വന്നതോടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുമാണ് പോലിസ് അന്വേഷണം മുന്നോട്ടുകൊണ്ടുപോയത്. പിന്നാലെയാണ് തിങ്കളാഴ്ച വൈകുന്നേരത്തോടെ പാങ്ങപ്പാറയില്‍ നിന്നും ചാക്കില്‍കെട്ടിയ നിലയില്‍ അഭിറാമിന്റെ മൃതദേഹം കണ്ടെത്തിയത്.
പിന്നാലെതന്നെ 17-കാരനായ പ്രതിയേയും പോലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പേരില്‍ ഇന്‍സ്റ്റഗ്രാമില്‍ മെസേജയച്ചാണ് പ്രതികള്‍ അഭിറാമിനെ പാങ്ങപ്പാറയില്‍ എത്തിയച്ചത്. ശേഷം കഴുത്തില്‍ ബെല്‍റ്റ് മുറുക്കി കൊലപ്പെടുത്തുകയും ചാക്കിലാക്കി ഉപേക്ഷിക്കുകയുമായിരുന്നു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.

