നേമം: പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാരെ വളർത്തുനായയെ കൊണ്ട് ഭീഷണിപ്പെടുത്തിയ കേസിൽ കുളങ്ങരക്കോണം അംബിക സദനത്തിൽ അനീഷിനെ (31) നരുവാമൂട് പൊലീസ് അറസ്റ്റ് ചെയ്തു.
നരുവാമൂട് മൊട്ടമൂട് എംഎൽഎ റോഡിൽ ഞായറാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. ഒരു സംഘം റോഡിൽ മദ്യപിച്ച് ബഹളം വയ്ക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് എത്തിയതായിരുന്നു പൊലീസ് സംഘം. പൊലീസുകാരെ അനീഷ് ഭീഷണിപ്പെടുത്തുകയും വളർത്തുനായയെ കൊണ്ട് കടിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി.
ഓടി രക്ഷപ്പെടാൻ ശ്രമിച്ച സിപിഒ പീറ്റർ ദാസിന് പൊലീസ് ജീപ്പിലിടിച്ച് നടുവിന് പരുക്കേറ്റു. ഫോണിൽ പൊലീസുകാരുടെ ദൃശ്യം പകർത്തുകയും ഡിജിപിക്ക് മെയിൽ അയച്ച് തൊപ്പി തെറിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

