തിരുവനന്തപുരം: മുട്ടത്തറയിൽ ഉദ്ഘാടനത്തിന് സജ്ജമായ ബൈക്ക് ഷോറൂമിൽ തീപിടിച്ച് 60 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം. 31 ബൈക്കുകളും ഉപകരണങ്ങളും നിരീക്ഷണ ക്യാമറകളും അഗ്നിക്കിരയായി. ഇരുചക്ര വാഹനങ്ങൾ വാടകയ്ക്കു കൊടുക്കുന്ന ‘റോയൽ ബ്രദേഴ്സ് ’ എന്ന കടയിൽ ഇന്നലെ പുലർച്ചെ 3 നായിരുന്നു തീപിടിത്തം. ഈ മാസം അവസാനം കടയുടെ ഉദ്ഘാടനം നടത്താനിരിക്കെയായിരുന്നു. ഷോർട് സർക്യൂട്ടാണ് കാരണമെന്ന് ഫയർ ഫോഴ്സിന്റെ പ്രാഥമിക നിഗമനം. ബൈക്ക് യാത്രക്കാരനാണു കെട്ടിടത്തിൽ നിന്നു പുകയും തീയും ഉയരുന്നത് ആദ്യം കണ്ടത്.തുടർന്നു ചാക്ക അഗ്നിശമന സേനയെ വിവരം അറിയിച്ചു. അഗ്നിശമന സേനാ യൂണിറ്റ് എത്തിയപ്പോഴേക്കും കട കത്തിനശിച്ചിരുന്നു. രാജാജി നഗർ, വിഴിഞ്ഞം യൂണിറ്റുകൾ കൂടി എത്തി ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് തീ കെടുത്തിയത്.

