തിരുവനന്തപുരം: ലോ അക്കാദമി ലോകോളജിൽ എൽഎൽബി പരീക്ഷയെഴുതുന്നതിനിടെ കോപ്പിയടിച്ചതിന് പൊലീസ് സിഐ റാങ്കിലുള്ള ഉദ്യോഗസ്ഥൻ ഉൾപ്പെടെ 4 പേരെ സർവകലാശാലാ സ്ക്വാഡ് പിടികൂടി. പിടിയിലായ പൊലീസ് ട്രെയിനിങ് കോളജ് സീനിയർ ലോ ഇൻസ്പെക്ടർ ആദർശ് ലോ അക്കാദമി ലോ കോളജിൽ ഈവനിങ് കോഴ്സ് വിദ്യാർഥിയാണ്. ഉദ്യോഗസ്ഥനെതിരെ സർവകലാശാലയുടെ നടപടിക്കു പുറമേ വകുപ്പു തല നടപടിയും ഉണ്ടാകുമെന്നാണു സൂചന.
കോപ്പിയടിക്കു പിടിയിലായ മറ്റു 3 പേരുടെ വിവരങ്ങൾ സർവകലാശാലയോ കോളജ് അധികൃതരോ പുറത്തു വിട്ടിട്ടില്ല. പബ്ലിക് ഇന്റർനാഷനൽ എന്ന പേപ്പറിന്റെ പരീക്ഷയ്ക്കിയിടെയായിരുന്നു സ്ക്വാഡിന്റെ അപ്രതീക്ഷിത സന്ദർശനം. പരീക്ഷ ആരംഭിച്ച് അര മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധനയ്ക്കിടെ വിവിധ ഹാളുകളിൽ നിന്നാണു 4 പേർ പിടിയിലായത്. കോപ്പിയടി ഉൾപ്പെടെ ക്രമക്കേടുകൾ തടയാൻ കോളജ് അധികൃതർ നിയോഗിച്ച ഇൻവിജിലേറ്റർമാർ നോക്കിനിൽക്കെയാണ് കോപ്പിയടി നടന്നത്.


