നെയ്യാറ്റിൻകര: ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തതിന്റെ പേരിൽ ആറുവയസുകാരിക്ക് അമ്മയുടെ ക്രൂര മർദ്ദനം. നെയ്യാറ്റിൻകര ഉദിയൻകുളങ്ങരയിലാണ് സംഭവം. മുഖത്ത് മാരകമായി പരിക്കേറ്റ കുഞ്ഞിനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം.
ഉദിയൻകുളങ്ങര സ്വദേശികളായ വിഷ്ണു-ശോഭ ദമ്പതികളുടെ ഇളയ മകൾ വിഷ്ണുനന്ദയ്ക്കാണ് മർദ്ദനമേറ്റത്. മുഖത്ത് അടിയേറ്റതിനെത്തുടർന്ന് മുറിവും ചതവുമായാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിച്ചത്.
അമ്മയുടെ ഫോണിലെ വാട്സാപ്പ് ഡിലീറ്റ് ചെയ്തതായിരുന്നു പ്രകോപന കാരണം. കട്ടിലിൽ നിന്ന് വീണ് മുഖത്ത് പരിക്കേറ്റെന്ന് പറഞ്ഞായിരുന്നു കുട്ടിയെ ജനറൽ ആശുപത്രിയിൽ അമ്മയും അമ്മൂമ്മയും ചേർന്ന് എത്തിച്ചത്.എന്നാൽ മുഖത്തെ മാരകമായ പരിക്കിൽ സംശയം തോന്നിയ ഡോക്ടർ നടത്തിയ അന്വേഷണത്തിലായിരുന്നു മർദന വിവരം പുറത്തറിയുന്നത്. തുടർന്ന് അമ്മ ശോഭയെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു

