ഏഷ്യന്‍ മൗണ്ടന്‍ ബൈക്ക് സൈക്ലിങ് ചാമ്പ്യന്‍ഷിപ്പ്: ട്രയല്‍സ് പൊന്‍മുടിയില്‍ ആരംഭിച്ചു

IMG_20231004_225850_(1200_x_628_pixel)

തിരുവനന്തപുരം:പൊന്മുടിയില്‍ നടക്കുന്ന ഏഷ്യന്‍ മൗണ്ടന്‍ ബൈക്ക് സൈക്ലിങ് ചാംപ്യന്‍ഷിപ്പിന്റെ ട്രയല്‍സ് ആരംഭിച്ചു. 23 വയസിനു മുകളിലുള്ള പുരുഷന്മാര്‍, പുരുഷന്മാരുടെ അണ്ടര്‍ 23, അണ്ടര്‍ 18 ബോയ്‌സ് വിഭാഗങ്ങളിലെ നാലു കിലോമീറ്റര്‍ ക്രോസ് കണ്‍ട്രി മത്സരത്തിന്റെ ഓപ്പണ്‍ ട്രയല്‍സാണ്  ഇന്ന് നടന്നത്.

സ്ത്രീകള്‍, സ്ത്രീകളുടെ അണ്ടര്‍ 23, അണ്ടര്‍ 18 ഗേള്‍സ് വിഭാഗങ്ങളിലെ ട്രയല്‍സ് നാളെ നടക്കും (05-10-2023, വ്യാഴം). പുരുഷ-വനിതാ, ബോയ്‌സ്-ഗേള്‍സ് വിഭാഗങ്ങളിലായി 1.5 കിലോമീറ്റര്‍ ഡൗണ്‍ഹില്‍ മത്സരങ്ങളുടേതടക്കമുള്ള ട്രയല്‍ റണ്ണുകള്‍ പൂര്‍ത്തിയാകാനുണ്ട്.

ചാംപ്യന്‍ഷിപ്പിനു വേണ്ടി മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റില്‍ പ്രത്യേകം തയാറാക്കിയ ട്രാക്കിലാണ് ട്രയല്‍ റണ്‍ സംഘടിപ്പിച്ചത്. ട്രാക്കിന്റെ നിര്‍മ്മാണത്തില്‍ ഏഷ്യന്‍ സൈക്ലിങ് ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ ഓംകാര്‍ സിങ്ങും സൈക്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സെക്രട്ടറി ജനറല്‍ മനീന്ദര്‍പാല്‍ സിങ്ങും സംതൃപ്തി പ്രകടിപ്പിച്ചു.

കേരള സൈക്ലിംഗ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എസ്.എസ്. സുധീഷ് കുമാര്‍, സെക്രട്ടറി ബി. ജയപ്രസാദ്, ട്രഷറര്‍ കെ.വിനോദ്കുമാര്‍ തുടങ്ങിയവര്‍ ട്രയല്‍സിനു നേതൃത്വം നല്‍കി. ഇന്നലെയാരംഭിച്ച ട്രയല്‍സില്‍ നിന്നാണ് ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുക്കുന്നത്. സെപ്തംബര്‍ ഒന്‍പതു മുതല്‍ 43 അംഗ ഇന്ത്യന്‍ സംഘം പൊന്മുടിയില്‍ പരിശീലനം നടത്തിവരികയാണ്.

വിവിധ വിഭാഗങ്ങളിലായുള്ള ട്രയല്‍സ് ഈ മാസം 23വരെ നീണ്ടു നില്‍ക്കും. ഈ മാസം 26 മുതല്‍ 29 വരെയാണ് ഒളിമ്പിക്‌സ് യോഗ്യത മത്സരം കൂടിയായ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്. 1.5 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ഡൗണ്‍ ഹില്‍ മത്സരങ്ങളും നാലു കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ക്രോസ് കണ്‍ട്രി മത്സരവുമാണ് ചാമ്പ്യന്‍ഷിപ്പിന്റെ മുഖ്യ ആകര്‍ഷണം. ഒളിമ്പിക്‌സ് മെഡല്‍ ജേതാക്കള്‍ ഉള്‍പ്പെടെ 30 രാജ്യങ്ങളില്‍ നിന്നായി 300 ല്‍ അധികം പുരുഷ-വനിതാ കായിക താരങ്ങള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular