തിരുവനന്തപുരം:ജില്ലയിൽ സെൻസസ് 2027ന്റെ ഭാഗമായുള്ള സെൽഫ് എന്യൂമറേഷന് തുടക്കമായി. പ്രമുഖ സാഹിത്യകാരൻ ജോർജ് ഓണക്കൂറിന്റെ നാലാഞ്ചിറയിലെ വസതിയിലായിരുന്നു ജില്ലയിൽ സെൽഫ് എന്യൂമറേഷന് ഔദ്യോഗിക തുടക്കം കുറിച്ചത്.
ജില്ലാ കളക്ടർ അനു കുമാരി, എ.ഡി.എം നിർമൽ കുമാർ.ജി, റവന്യൂ-സെൻസസ് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ അദ്ദേഹം സെൽഫ് എന്യൂമറേഷൻ പൂർത്തിയാക്കി. നാടിന്റെ ശരിയായ വികസനത്തിന് സെൻസസ് പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്ന് ജോർജ് ഓണക്കൂർ പറഞ്ഞു.
പൊതുജനങ്ങൾക്ക് മൊബൈൽ ഫോണിന്റെ സഹായത്തോടെയും സ്വയം വിവരങ്ങൾ രേഖപ്പെടുത്താൻ അവസരമൊരുക്കുന്നതാണ് സെൽഫ് എന്യൂമറേഷൻ പ്രക്രിയ. ജില്ലാ കളക്ടർ അനു കുമാരി, പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാൽ, ചലച്ചിത്ര താരം പ്രിയങ്ക നായർ എന്നിവരും ആദ്യദിനം സെൽഫ് എന്യൂമറേഷൻ പൂർത്തിയാക്കി. വരും ദിവസങ്ങളിൽ ജില്ലയിലെ മുഴുവൻ ആളുകളും സെൽഫ് എന്യൂമറേഷൻ നടപടികൾ പൂർത്തിയാക്കണമെന്നും ഭവനസെൻസസ് വിജയകരമാക്കണമെന്നും ജില്ലാ കളക്ടർ അനു കുമാരി അറിയിച്ചു.
ജൂൺ 30 വരെയാണ് പൊതുജനങ്ങൾക്ക് വിവരങ്ങൾ രേഖപ്പെടുത്താനായി സമയം അനുവദിച്ചിരിക്കുന്നത്. https://se.census.gov.in എന്ന വെബ്സൈറ്റ് മുഖേനയാണ് സെൽഫ് എന്യൂമറേഷൻ ചെയ്യേണ്ടത്. ആദ്യ ഘട്ട വിവരശേഖരണത്തിൽ ആകെ 34 ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വെബ്സൈറ്റിൽ രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം ലഭിക്കുന്ന 11 അക്ക എസ്.ഇ.ഐഡി പൊതുജനങ്ങൾ സൂക്ഷിച്ചുവെക്കണം. സെൻസസ് ഉദ്യോഗസ്ഥർ വീടുകൾ സന്ദർശിക്കുന്ന സമയത്ത് ഈ ഐഡി അവർക്ക് കൈമാറണം.

