തിരുവനന്തപുരം: കേരള നിയമസഭയുടെ പുതിയ സ്പീക്കറായി എൽഡിഎഫിലെ എ.എൻ.ഷംസീറിനെ തിരഞ്ഞെടുത്തു. നിയമസഭയിൽ നടന്ന വോട്ടെടുപ്പിൽ യുഎഡിഎഫിലെ അൻവർ സാദത്തിനെ പരാജയപ്പെടുത്തിയാണ് ഷംസീർ തിരഞ്ഞെടുക്കപ്പെട്ടത്. ഷംസീറിന് 96 വോട്ടും അൻവർ സാദത്തിന് 40 വോട്ടും ലഭിച്ചു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ അധ്യക്ഷതിയിലായിരുന്നു വോട്ടെടുപ്പ് നടപടികൾ. കേരള നിയമസഭയുടെ 24-ാം സ്പീക്കറായിട്ടാണ് ഷംസീർ ചുമതലയേറ്റത്. തിരഞ്ഞെടുക്കപ്പെട്ട ശേഷം മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ചേർന്ന് ഷംസീറിനെ സ്പീക്കർ ചെയറിലേക്ക് ആനയിച്ചു.എം.ബി.രാജേഷ് മന്ത്രിയായ ഒഴിവിലേക്കാണ് പുതിയ സ്പീക്കറെ തിരഞ്ഞെടുത്തത്.