തിരുവനന്തപുരം: കുടിവെള്ളം മുടങ്ങിയതിനെ തുടര്ന്ന് വെങ്ങാനൂർ വില്ലേജ് ഓഫിസിൽ തോക്കുമായി യുവാവിന്റെ പ്രതിഷേധം. വെങ്ങാനൂർ സ്വദേശി മുരുകൻ (33) ആണ് തോക്കുമായി പ്രതിഷേധിച്ചത്. വില്ലേജ് ഓഫിസിന്റെ ഗേറ്റ് പൂട്ടിയ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെയാണ് മുരുകൻ വില്ലേജ് ഓഫിസിലെത്തിയത്. വെള്ളം കിട്ടാത്തതിനാൽ ബുദ്ധിമുട്ടിലാണെന്ന് അറിയിച്ചശേഷം ഗേറ്റ് പൂട്ടി. തോക്ക് പുറത്തെടുത്തതോടെ വില്ലേജ് ഓഫിസിലുണ്ടായിരുന്നവർ പരിഭ്രാന്തരായി. വില്ലേജ് ഓഫിസർ തഹസിൽദാറിനെയും ബാലരാമപുരം പൊലീസിനെയും വിവരം അറിയിച്ചു.
പൊലീസെത്തി മുരുകനെ കസ്റ്റഡിയിലെടുത്തു. എയർഗണ്ണാണ് മുരുകന്റെ കയ്യിൽ ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. വെങ്ങാനൂരിൽ കട നടത്തുന്നയാളാണ് മുരുകൻ. വെള്ളം കിട്ടാത്ത പ്രശ്നം ഏറെനാളായി ഉണ്ടെന്നും അതിനാലാണ് പ്രതിഷേധിച്ചതെന്നും മുരുകൻ പൊലീസിനോട് പറഞ്ഞു.